കോതമംഗലം: ചരിത്രപ്രാധാന്യമുള്ള ആലുവ-മൂന്നാർ രാജപാത പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. രാജപാത തുറന്നുകിട്ടിയാൽ കൊച്ചിയിൽനിന്നു മൂന്നാറിലേക്ക് 20 കിലോമീറ്ററോളം കുറവുണ്ടാകും.
ഈ വഴിയിലെ യാത്രാവകാശം പുനഃസ്ഥാപിക്കുക, തകർന്നുപോയ പഴയ പാത യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കുക, വിനോദസഞ്ചാര മേഖലയ്ക്കും മാങ്കുളം, കുട്ടമ്പുഴ നിവാസികൾക്കും വലിയ ഗുണകരമാകുന്ന പാതയോടുചേർന്നുള്ള വികസനസാധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ജനങ്ങൾ ഉയർത്തുന്നത്.
പഴയ പൊതുമരാമത്ത് പാതയാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പാതയുടെ നിയമപരമായ അവകാശം പിഡബ്ല്യുഡിക്കുതന്നെ ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് ജനകീയ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
1924ലെ മഹാപ്രളയത്തിന് മുമ്പുവരെ ഹൈറേഞ്ചിലെ പ്രധാന ഗതാഗത മാർഗമായിരുന്ന രാജപാത പിഡബ്ല്യുഡി രേഖകളിൽ ഇന്നും നിലനിൽക്കുന്നതാണ്. എന്നാൽ വനംവകുപ്പിന്റെ തടസവാദങ്ങളാണ് ഈ പാത ഉപയോഗശൂന്യമായി കിടക്കുന്നതിനു കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. രാജപാത തുറന്നുകിട്ടുന്നതിനായി എറണാകുളം, ഇടുക്കി ജില്ലകളിലെ മലയോരമേഖലകളിലുള്ളവർ കാലങ്ങളായി നിയമ, സമര പോരാട്ടങ്ങളിലാണ്.
കോതമംഗലം പൂയംകുട്ടിയിൽനിന്ന് കുറത്തിക്കുടി, പെരുമ്പൻകുത്ത്, കരിന്തിരി വഴി മൂന്നാറിലേക്കെത്തിയിരുന്ന പഴയ റോഡാണ് രാജപാത.
കോതമംഗലത്തുനിന്ന് പൂയംകുട്ടിവരെയുള്ള 28.5 കിലോമീറ്റർ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നിർമാണം നടത്തിയിരുന്നു. തുടർന്നുള്ള 26 കിലോമീറ്ററിൽ വനംവകുപ്പ് അവകാശം ഉന്നയിച്ചിട്ടുള്ളതാണു തടസമായത്. ഇതുസംബന്ധിച്ച കേസുകൾ നിലവിലുണ്ട്. സർക്കാർ ഇടപെട്ട് പാത പൊതുമരാമത്ത് വകുപ്പിനു പൂർണമായി വിട്ടുനൽകാൻ നടപടി സ്വീകരിക്കുകയാണ് പരിഹാരം.